ഗര്‍ഭിണിയുടെ വേഷത്തില്‍ സായ് പല്ലവി, ഞെട്ടിച്ച് കാളിദാസ്; 'പാവ കഥൈകള്‍' ട്രെയ്‌ലര്‍

നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം “പാവൈ കഥകളു”ടെ ട്രെയ്‌ലര്‍ പുറത്ത്. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥൈകള്‍ പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 18-ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ഗൗതം വാസുദേവ് മേനോന്‍, സുധ കൊങ്കര, വിഗ്നേശ് ശിവന്‍, വെട്രിമാരന്‍ എന്നീ സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകളാണ് പാവൈ കഥകളിലുള്ളത്. ആന്തോളജിയിലെ “തങ്കം” എന്ന ചിത്രമാണ് സുധ കൊങ്കര ഒരുക്കുന്നത്. കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.

“ലവ് പണ്ണ ഉത്രനം” എന്ന ചിത്രമാണ് വിഗ്‌നേശ് ശിവന്‍ ഒരുക്കുന്നത്. അഞ്ജലിയും കല്‍ക്കി കൊച്ചലിനുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. “ഒരു ഇരവു” എന്നാണ് വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര്. സായ് പല്ലവിയും പ്രകാശ് രാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഗൗതം മേനോന്‍ ഒരുക്കുന്ന “വാന്‍മകള്‍” എന്ന ചിത്രത്തില്‍ സംവിധായകനും സിമ്രനുമാണ് വേഷമിടുന്നത്.

ഏറെ വ്യത്യസ്തമായ വേഷങ്ങളിലാണ് കാളിദാസും സായ് പല്ലവിയും ചിത്രത്തില്‍ വേഷമിടുന്നത്. ഗര്‍ഭിണി ആയാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. കല്‍ക്കിയും അഞ്ജലിയും ലെസ്ബിയന്‍ കപ്പിള്‍സ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ആമസോണ്‍ പ്രൈമിന്റെ ആന്തോളജി ചിത്രം പുത്തം പുതു കാലൈ പ്രതീക്ഷയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും പാവ കഥൈകള്‍ എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.