ഇന്ത്യൻ സിനിമയുടെ വിസ്മയമാവാൻ 'തങ്കലാൻ' വരുന്നു; പുത്തൻ അപ്ഡേറ്റുമായി പാ രഞ്ജിത്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. അതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 ഏപ്രിലിൽ ആയിരിക്കും ചിത്രം വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുക എന്നാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം.

മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

തങ്കലാൻ ഓസ്കർ വേദി ലക്ഷ്യമിടുന്നുണ്ടെന്ന് അടുത്തിടെ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ധനഞ്ജയൻ പറഞ്ഞിരുന്നു. ഓസ്‌കറിന്‌ പുറമെ 8 അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കായി ‘തങ്കലാൻ’ സമർപ്പിക്കുമെന്നാണ്നിർമ്മാതാവ് പറഞ്ഞത്. എന്തായാലും ഒരു മികച്ച സിനിമാനുഭവമായിരിക്കും തങ്കലാൻ പ്രേക്ഷകർക്ക് സമ്മാനിക്കാൻ പോവുന്നതെന്ന് ഉറപ്പാണ്.