അത് ചെയ്യാന്‍ എന്നെ കിട്ടില്ല, അങ്ങനെ കാണികളെ പറ്റിക്കുന്ന ഗായകരെ സ്റ്റേജില്‍ കേറി തല്ലണം: പി ജയചന്ദ്രന്‍

പുതിയ കാലത്തെ സംഗീത ലോകത്തിന്റെ പ്രവണതകളെ രൂക്ഷമായി വിമര്‍ശിച്ച് ഗായകന്‍ പി. ജയചന്ദ്രന്‍. മികച്ച ഗാനങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രേക്ഷകരിലേക്ക് എത്താന്‍ സാധിക്കുന്നില്ല എന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പുതിയ കാലത്തേ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഉള്ള അപാകത ആണ് കാരണം എന്നും അദ്ദേഹം ഭാവഗീതം എന്ന പേരില്‍ നടത്തിയ സംഗീത സന്ധ്യയില്‍ തുറന്നു പറഞ്ഞു.

മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തു വെച്ച ഗാനങ്ങള്‍ക്ക് കാണികളുടെ മുന്നില്‍ സ്റ്റേജില്‍ കയറി ചുണ്ട് അനക്കുന്ന പ്രമുഖ ഗായകരേയും അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രവണത ഒട്ടും നല്ലതല്ല ഇത്തരം പറ്റിക്കല്‍ പാട്ടിനു തന്നെ കിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ കാണികളെ പറ്റിക്കുന്ന ഗായകരെ സ്റ്റേജില്‍ കേറി തല്ലണം എന്നും ജയചന്ദ്രന്‍ പറയുകയാണ്.

ഓര്‍ക്കസ്ട്ര നേരത്തെ ഫീഡ് ചെയ്ത് വെച്ച് ഗായകന്‍ മാത്രം പാടുന്ന പരിപാടിക്ക് പോലും താന്‍ എതിരാണെന്നും ലൈവ് സംഗീതം ആണ് സത്യം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചേക്കാം പക്ഷെ ആസ്വാദകര്‍ക്ക് മുന്നില്‍ നേരിട്ട് പാടുകയാണ് വേണ്ടത് എന്നാണ് ജയചന്ദ്രന്റെ അഭിപ്രായം.