'ചന്തു'വിനെ ഇനി എച്ച്ഡി ആയി കാണാം; ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫിനിഷന്‍ പതിപ്പ് എത്തി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചരിത്ര സിനിമകളില്‍ ഒന്നാണ് “ഒരു വടക്കന്‍ വീരഗാഥ”. വടക്കന്‍ പാട്ടുകളിലെ ക്രൂരനും ചതിയനുമായ ചന്തുവിന് വേറൊരു മുഖം നല്‍കിയാണ് സിനിമയെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. ഇപ്പോഴിതാ ചിത്രത്തിന്റെ ഹൈ ഡെഫിനിഷന്‍ പതിപ്പ് എത്തിയിരിക്കുകയാണ്.

1989-ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഔദ്യോഗിക എച്ച്ഡി പതിപ്പ് എസ് ക്യൂബ് ഫിലിംസ് നിര്‍മ്മാണക്കമ്പനിയാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരനാണ് ഒരു വടക്കാന്‍ വീരഗാഥ സംവിധാനം ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിച്ചു.

മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്‌കാരവും ചിത്രം നേടി. കൂടാതെ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ചന്തുവിനെ അനശ്വരമാക്കിയ മമ്മൂട്ടി മാത്രമല്ല, സുരേഷ് ഗോപിയുടെ ആരോമല്‍ ചേകവര്‍, മാധവിയുടെ ഉണ്ണിയാര്‍ച്ച, ക്യാപ്റ്റന്‍ രാജുവിന്റെ അരിങ്ങോടര്‍, ബാലന്‍ കെ നായര്‍, ഗീത, ഭീമന്‍ രഘു, സുകുമാരി, ചിത്ര, രാജലക്ഷ്മി ബാലതാരങ്ങളായ ജോമോള്‍, വിനീത് കുമാര്‍ തുടങ്ങിയ താരങ്ങളുടെ കരിയറിലെ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ചവെച്ച ചിത്രവും കൂടിയാണിത്.

കൂടല്ലൂര്‍ മന, മമ്മിയൂര്‍ ആനക്കോട്ട, കൊല്ലംകോട് കൊട്ടാരം, ഗുരുവായൂര്‍ ആനപ്പന്തി, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ വെച്ചാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. 300 ദിവസത്തിലധികം ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി. വി ഗംഗാധരന്‍ ആണ് ഒരു കോടി രൂപ ചെലവിട്ട് ചിത്രം നിര്‍മ്മിച്ചത്.