വിവാദ പരാമര്‍ശങ്ങള്‍ വിനയായി, തിയേറ്ററില്‍ തിളങ്ങാതെ 'ഒരു ജാതി ജാതകം'; ഇനി ഒ.ടി.ടിയില്‍, റിലീസ് ഡേറ്റ് പുറത്ത്

വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഒരു ജാതി ജാതകം’ ഇനി ഒ.ടി.ടിയിലേക്ക്. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മനോരമ മാക്‌സില്‍ മാര്‍ച്ച് 14ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. 4.55 കോടി ബജറ്റില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്നും 9.23 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറഞ്ഞത്.

ചിത്രത്തിലെ ക്വീര്‍-സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സിനിമ വിവാദത്തിലാക്കിയിരുന്നു. സിനിമയ്‌ക്കെതിരെ ആലപ്പുഴ സ്വദേശിയായ ഷാകിയ എസ് പ്രിയംവദ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യന്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകള്‍ നിലനിര്‍ത്തുന്നതുമായ ഡയലോഗുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു പരാതി.

സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെന്‍സര്‍ ചെയ്യാനോ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നല്‍കിയത് ഉള്‍പ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനാല്‍ ഒ.ടി.ടിയില്‍ എത്തുന്ന പതിപ്പ് മാറ്റങ്ങളോടെയാകും എത്തുക. അതേസമയം, വര്‍ണച്ചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് വിശ്വജിത് ഒടുക്കത്തില്‍ ആണ്. ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‌മണ്യം.

ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷ തല്‍വാര്‍, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹര്‍, രഞ്ജി കങ്കോല്‍, അമല്‍ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വര്‍ഷ രമേശ്, പൂജ മോഹന്‍രാജ്, ഹരിത പറക്കോട്, ഷോണ്‍ റോമി, ശരത്ത് ശഭ, നിര്‍മല്‍ പാലാഴി, വിജയകൃഷ്ണന്‍, ഐശ്വര്യ മിഥുന്‍ കൊറോത്ത്, അനുശ്രീ അജിതന്‍, അരവിന്ദ് രഘു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.