കോവിഡ് കാലം നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല ആഘോഷങ്ങളെയും ഉത്സവങ്ങളയും വരെ മാറ്റി മറിച്ചിട്ടുണ്ട്. കാലത്തിനു അനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. അത്തരമൊരു മാറ്റത്തിനൊപ്പമാണ് ഇത്തവണ നമ്മുടെ ഓണക്കാലവും. അതില്‍ ഏറ്റവും നവീനമായ വാര്‍ത്ത ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പുതിയ സാങ്കേതിക വിദ്യകള്‍ ആയ വില്‍ച്വല്‍ റിയാലിറ്റി ആന്‍ഡ് ഓഗ്‌മെന്റഡ് റിയാലിറ്റി (virtual reality and augmented realtiy) എന്നിവ ഉപയോഗിച്ച് 5 ഓണപ്പാട്ടുകള്‍ ചിത്രീകരിക്കുന്നു എന്നതാണ്.
അത്തം മുതലുള്ള അഞ്ചു ദിവസങ്ങളില്‍ ഇവ റിലീസ് ചെയ്യും. ഈ ആല്‍ബത്തിന്റെ ടീസറുകള്‍ ഇപ്പോള്‍ യൂട്യൂബില്‍ റിലീസ് ആയിരിക്കുന്നു. ഇങ്ങനൊരു നവീന ഉദ്യമത്തിന്റെ ചിത്രീകരണത്തിലെ സൂത്രധാരന്മാര്‍ പ്രമോദ് പപ്പന്‍ ആണ്. ഇത്തരമൊരു സാങ്കേതിക വിദ്യയില്‍ പിറന്ന ഈ ഗാനം ആലപിച്ചിട്ടുള്ളത് പ്രശസ്ത സിനിമ പിന്നണി ഗായികയായ ഹരിത ഹരീഷ് ആണ്.
സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജിജോ മനോഹറാണ്. കവി പ്രസാദാണ് ഗാനരചന. ദുബായില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയായ ഗോപിക കണ്ണാട്ട് ആണ് ആല്‍ബത്തില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ദുബായില്‍ എന്‍പിസിസിയില്‍ ജോലി ചെയ്യുന്ന ജയലാലിന്റെയും ബിന്ദുവിന്റെയും മകളാണ് ഗോപിക കണ്ണാട്ട്. ഗാനത്തിന്റെ ചിത്രീകരണം ദുബായിലെ ഗോപികയുടെ തന്നെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷറഫ് മുഹമ്മദുണ്ണിയും ഗൗതമും ചേര്‍ന്നാണ്. പ്രമോദ് പപ്പന്റെ ആവശ്യ പ്രകാരം ഷൗക്കത്ത് ലെന്‍സ്മാന്റെ സഹായത്തോടുകൂടി ഫ്‌ളാറ്റ് വില്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ആയി അഷറഫ് സെറ്റ് ചെയ്തു ഷൂട്ട് ചെയ്യുകയായിരുന്നു. ശേഷം ഷൂട്ട് ചെയ്ത ഫൂട്ടേജ് നാട്ടിലേക്ക് അയച്ചു ബാക്കി അന്തരീക്ഷങ്ങളെല്ലാം സൃഷ്ടിച്ചത് കമ്പ്യൂട്ടര്‍ സഹായത്തോടെയായിരുന്നു.







