യുവതാരം കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ലോക ചാപ്റ്റർ 1 ചന്ദ്രയ്ക്ക് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം ബോക്സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണുണ്ടാക്കിയത്. ചിത്രത്തിന്റെ വിജയത്തിൽ ടൊവിനോയ്ക്കും ദുൽഖറിനും ഒപ്പമുള്ള ചിത്രം നസ്ലെൻ പങ്കുവെച്ചിരുന്നു. ആ ചിത്രത്തിന് ഒരു കമന്റുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
View this post on Instagram
പ്രശസ്തരായ സൂപ്പർസ്റ്റാറുകളുടെ ഇടയിൽ എന്ന അടിക്കുറിപ്പോടെയാണ് നസ്ലെൻ സോഷ്യൽ മീഡിയയിൽ ആ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ . ‘എടാ സൂപ്പർസ്റ്റാറെ…’ എന്നാണ് ദുൽഖർ കമന്റ് ചെയ്തത്. അബുദബിയിൽ നടന്ന ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് സമയത്താണ് നസ്ലെൻ താരങ്ങൾക്കൊപ്പം ചിത്രമെടുത്തത്. ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലെൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു.
അതേസമയം ‘ലോക ചാപ്റ്റർ 1 : ചന്ദ്ര’യെ പ്രശംസിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണി പ്രിയദർശന്റെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു.
ഫാന്റസി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദർശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകർഷണം. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് സിനിമ നിർമിച്ചിരിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.







