രാണു മൊണ്ടാലിനെ പരിഹസിച്ച് ടിക് ടോക് വീഡിയോ; നടന്‍ വിവാദത്തില്‍

രാണാഘട്ടിന്റെ വാനമ്പാടി രാണു മൊണ്ടാലിനെ ട്രോളി ടിക് ടോക് വീഡിയോ ചെയ്ത നടന്‍ വിവാദത്തില്‍. പപ്പു പോം പോം എന്നറിയപ്പെടുന്ന ഒഡിയ കോമഡി താരം തത്വ പ്രകാശ് ശതപതിയാണ് വിവാദത്തിലായിരിക്കുന്നത്. സൈബറിടങ്ങളില്‍ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പശ്ചിമബംഗാളിലെ രാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് ശബ്ദമാധുര്യത്തില്‍ പാട്ടുപാടി സൈബര്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച രാണുവിന് പിന്നീട് കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. രാജ്യം മുഴുവന്‍ ആ ദൈവീക ശബ്ദത്തെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. മാത്രമല്ല മേക്കോവറും നടത്തി.

ഹിമേഷ് രാഷമിയുടെ “ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍” എന്ന ചിത്രത്തിനായി രാണു മൊണ്ടാല്‍ ആലപിച്ച “തേരി മേരി കഹാനി” എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് 2 കോടി 96 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണുള്ളത്.