ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല, നമുക്ക് തോന്നിയതുമില്ല: വിവാദ ഡയലോഗ് വിഷയത്തില്‍ ജിനു എബ്രഹാം

ഷാജി കൈലാസ്-പൃഥ്വിരാജ് സിനിമ ‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ജിനു എബ്രഹാം. അതൊരു പാത്ര സൃഷ്ടികൂടിയായിരുന്നു. എന്നാല്‍ മാറ്റം വരുത്താന്‍ വേണ്ട ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു, ക്ഷമ ചോദിക്കുന്നെന്നും ജിനു പറഞ്ഞു. മഹത് വചനങ്ങളും തെറ്റുകള്‍ പറയാതിരിക്കുകയും ചെയ്യുന്ന പതിവ് നായകന്മാരില്‍ നിന്ന് വ്യത്യസ്തമായ ഒരു പാത്ര സൃഷ്ടിയായിരുന്നു ഉദ്ദേശ്യമെന്നും ജിനു റിപ്പോര്‍ട്ടര്‍ ടിവിയുമായുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ജിനുവിന്റെ വാക്കുകള്‍’

സോഷ്യല്‍മീഡിയയില്‍ ആളുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയില്‍പ്പെടുന്നത്. ചിത്രീകരണ വേളയിലൊന്നും ആരും നമ്മളോട് ഇങ്ങനെ പറഞ്ഞിട്ടുമില്ല, നമുക്ക് തോന്നിയതുമില്ല. സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ കണ്ടപ്പോഴും അവരുടെ ഭാഗത്ത് നിന്നും കട്ട് ചെയ്യാനോ, മ്യൂട്ട് ചെയ്യാനോ ഉള്ള നിര്‍ദേശം ലഭിച്ചില്ല.

സിനിമ ഇറങ്ങി ഒരു മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ വന്നത്, ആലോചിച്ചപ്പോള്‍ ശരിയാണ്. അത്തരം ആളുകള്‍ക്ക് വേദന ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഇന്ന് ഡയറക്ടര്‍ ഷാജി കൈലാസ് അതിനോട് നിരുപാധികം മാപ്പ് ചോദിച്ചത്. ആ രീതിയില്‍ ഈ കാര്യത്തില്‍ എന്ത് മാറ്റം കൊണ്ടുവരാം എന്ന തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ നായകന്മാര്‍ എപ്പോഴും മഹത് വചനങ്ങള്‍ പറയുകയും തെറ്റുകള്‍ പറയാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ ആണല്ലോ. ഈ സിനിമയില്‍ ഒന്നുരണ്ട് ഇടങ്ങളില്‍ നായക കഥാപാത്രത്തെ മറ്റുള്ളവര്‍ ചിലത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ചില തെറ്റുകള്‍ പറയുന്ന, ചില ലൂസ് ടോക്കുകള്‍ പറയുന്ന ചില എടുത്ത് ചാട്ടങ്ങള്‍ ഉള്ള നായകകഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.