പ്രണയം നിറച്ച് 'നിറ'ത്തിന്റെ റീ റിലീസ്; ചാക്കോച്ചന്റെ ജന്മദിനം ആഘോഷിക്കാന്‍ ആരാധകര്‍

“നിറം” എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകരെ ഒന്നടങ്കം കുഞ്ചാക്കോ ബോബന്റെ ആരാധകരാക്കി മാറ്റാന്‍. 1999ല്‍ എത്തിയ കമല്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ എന്ന നടനെ താരപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയാണ് നിറം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നിറം റീ റിലീസ് ചെയ്യുകയാണ്. ഒക്ടോബര്‍ 27ന് കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിലാണ് ആലപ്പുഴ റൈബാന്‍ തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ ഏഴരക്കാണ് ഷോ. ചാക്കോച്ചന്റെ ജന്മദിനാഘോഷത്തിനൊപ്പം ഒരു ക്യാന്‍സര്‍ രോഗിയെ സഹായിക്കാന്‍ കൂടിയാണിത്.

ശാലിനി നായികയായി എത്തിയ ചിത്രത്തില്‍ ജോമോള്‍, ദേവന്‍, ലാലു അലക്‌സ്, ബോബന്‍ ആലുമ്മൂടന്‍, അംബിക, ബിന്ദു പണിക്കര്‍, കെ പി എ സി ലളിത, കോവൈ സരള, ബാബു സ്വാമി എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.