ജീത്തു ജോസഫ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി നിഖില വിമല്‍

ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24×7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും മികച്ച ഒരു കഥാപാത്രമായി എത്തി. പിന്നീട് മേരാ നാം ഷാജിയിലും ഒടുവില്‍ ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയായി നിഖിലയെ പ്രേക്ഷകര്‍ കണ്ടു.

നേരത്തെ ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില “വെട്രിവേൽ” എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി അഭിനയിച്ചിരുന്നു. വീണ്ടും “കിടാരി” എന്ന തമിഴ് ചിത്രത്തിലും നിഖില അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തമിഴില്‍ നിഖില കാര്‍ത്തിയുടെ നായികയായി എത്തുകയാണ്. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന  ചിത്രത്തിലാണ് നിഖില നായികയാവുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജ്യോതികയുടെ സഹോദരന്‍ സൂരജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിയുടെ സഹോദരിയായി ജ്യോതികയും വേഷമിടുന്നുണ്ട്. സത്യരാജാണ് ഇരുവരുടെയും പിതാവായി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഗോവയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ ഊട്ടിയിലെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം. സൂപ്പര്‍ ഹിറ്റായ 96നു ശേഷം ഗോവിന്ദ് സംഗീതം ഒരുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രഹണം ആര്‍.ഡി. രാജശേഖര്‍ നിര്‍വ്വഹിക്കുന്നു. വയാകോം 18 സ്‌റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഒക്ടോബര്‍ മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.