നിരക്ക് കൂട്ടാനൊരുങ്ങി നെറ്റ്ഫ്ലിക്സ്; സബ്സ്ക്രൈബേഴ്സ് കുറയുമോ എന്ന ആശങ്ക

കോവിഡിന് ശേഷം നെറ്റ്ഫ്ലിക്സ് പോലെയുള്ള ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യത വലിയ രീതിയിൽ വർദ്ധിക്കുകയുണ്ടായി. ഇപ്പോൾ പല സിനിമകളും ഒ. ടി. ടികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറങ്ങുന്നുണ്ട്.

ഇപ്പോഴിതാ സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കൂട്ടാനൊരുങ്ങുകയാണ് ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. വരുന്ന ഡിസംബറിലോ അല്ലെങ്കിൽ അടുത്തവർഷം ജനുവരിയിലോ നിരക്കുകളിൽ വർദ്ധനവുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കയിലും കാനഡയിലുമാണ് പുതിയ നിരക്കുകൾ ആദ്യം പ്രാബല്യത്തിൽ വരുന്നത്. അതിന് ശേഷം ആഗോള തലത്തിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മാസത്തിന് 199 രൂപയും ഒരു വർഷത്തിന് 2388 രൂപയുമാണ്  ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ്  സബ്സ്ക്രിപ്ഷൻ റേറ്റ്.

കഴിഞ്ഞവർഷമായിരുന്നു അവസാനമായി നെറ്റ്ഫ്ലിക്സ് നിരക്ക് വർദ്ധിപ്പിച്ചത്. അതിനൊപ്പം തന്നെ നെറ്റ്ഫ്ലിക്സ് തങ്ങളുടെ പാസ്‍വേഡ് ഷെയറിംഗ് നിർത്തലാക്കിയിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി സബ്സ്ക്രൈബ് ചെയ്യാൻ കൂടുതൽ പേരും നിർബന്ധിതരയിരുന്നു. 7 മില്ല്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഇന്ത്യയിൽ നെറ്റ്ഫ്ലിക്സിനുള്ളത്.