'സ്റ്റീഫന്‍ നെടുമ്പള്ളി'യുടെ പ്രണയിനിയായി നയന്‍താര എത്തും; തെലുങ്ക് ലൂസിഫര്‍ ഒരുങ്ങുന്നു

ലൂസിഫര്‍ തെലുങ്ക് പതിപ്പിന്റെ ഉടന്‍ ഒരുങ്ങുമെന്ന സൂചനകളുമായി അണിയറപ്രവര്‍ത്തകര്‍. ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായാണ് ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ മ്യൂസിക് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ് എന്ന് വ്യക്തമാക്കി കൊണ്ടുള്ള ചിത്രങ്ങളാണ് സംഗീത സംവിധായകന്‍ എസ് തമന്‍ പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകന്‍ മോഹന്‍രാജ തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. മെഗാസ്റ്റാറിനോടുള്ള സ്നേഹം പ്രകടമാക്കുന്ന സൂപ്പര്‍ ഹൈ മ്യൂസിക് ആയിരിക്കും സിനിമയിലേതെന്ന് തമന്‍ ട്വീറ്റ് ചെയ്തു. ലൂസിഫര്‍ സിനിമ തെലുങ്കില്‍ നിരവധി മാറ്റങ്ങളോടെയാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുമ്പോള്‍, കഥാപാത്രത്തിന്റെ പ്രണയിനിയായി നയന്‍താര വേഷമിടും.

ചിരഞ്ജീവിക്കൊപ്പം നയന്‍താരയും സത്യദേവും എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥയില്‍ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാല്‍ സംവിധായകനെ മാറ്റിയതായും, റീമേക്ക് ഉപേക്ഷിക്കുന്നതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൃഥ്വിരാജ്, സുജീത്, വി.വി. വിനായക് എന്നിവരെ സംവിധാനം ചെയ്യാനായി നിര്‍മാതാക്കള്‍ സമീപിച്ചിരുന്നു. ഒടുവില്‍ മോഹന്‍രാജ സംവിധായകനായി എത്തുകയായിരുന്നു. എന്‍.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.