വടക്കന്‍ പാട്ടിലെ 'ചേകോന്‍'; നവോദയയുടെ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു

വടക്കന്‍ പാട്ടിന്റെ വീര ചരിത്രവുമായി നവോദയയുടെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു. നവോദയ അപ്പച്ചന്റെ മകന്‍ ജോസ് പുന്നൂസ് സംവിധാനം ചെയ്യുന്ന ‘ചേകോന്‍’ എന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍.

‘എവിടെയോ നിന്റെ പേര് എഴുതിയ വാള്‍ ഒളിഞ്ഞിരിപ്പുണ്ട്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ മലയാള വിഭാഗം മേധാവിയായിരുന്ന ചേലനാട്ട് അച്യുതമേനോന്‍ എഴുതിയ ‘ഉത്തര കേരളത്തിലെ വീരഗാഥകള്‍’ എന്ന പുസ്തകത്തെ പ്രമേയമാക്കിയാണ് ചേകോന്‍ ഒരുങ്ങുന്നത്.

ഒരു യൂണിവേഴ്‌സല്‍ ഹീറോയാണ് ചേകോന്‍. നമ്മള്‍ കണ്ടു ശീലിച്ച വടക്കന്‍പാട്ടു സിനിമകള്‍ അന്നത്തെ ഒരുപാടു പരിമിതികളില്‍ നിര്‍മ്മിച്ചതാണ്. കോരപ്പുഴയ്ക്കും മയ്യഴിക്കുമിടയിലുള്ള ഒരു നാടിന്റെ സാംസ്‌കാരിക തുടിപ്പുകളാണ് ഈ കഥകള്‍.

വാമൊഴി കഥകളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങളൊന്നും അന്നു നടന്നിട്ടില്ല. ഇവിടെ വളരെ വിശദമായ ഒരു പഠനം ഈ ചലച്ചിത്രത്തിന് വേണ്ടി നടന്നിട്ടുണ്ട്. അങ്കത്തട്ടില്‍ മരണത്തെ അതിജീവിക്കുവാന്‍ സ്വന്തം മരണവിധി കുറിച്ചിരിക്കുന്ന വാള്‍ തേടുന്ന ചേകവന്റെ കഥയാണിത് എന്നാണ് ജോസ് പുന്നൂസ് പറയുന്നത്.