കീഴാള നക്ഷത്രം 'നങ്ങേലി'യുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ഓഡിയോ പ്രകാശനം ചെയ്തു

കേരളത്തിന്റെ കീഴാള ചരിത്രത്തിലെ തിളക്കമാര്‍ന്ന നക്ഷത്രം നങ്ങേലിയുടെ മുറിവേറ്റ ജീവിതം വെള്ളിത്തിരയിലേക്ക്. ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളില്‍ മറച്ചുപിടിക്കുകയും, അരിക്വല്‍ക്കരിക്കുകയും ചെയ്ത നങ്ങേലിയുടെ സാഹസിക ജീവിതം പ്രേക്ഷകരിലേയ്ക്ക്. കെ. ആര്‍. ഗൗരിയമ്മയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി “കാലം മായ്ക്കാത്ത ചിത്രങ്ങള്‍” എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ച അഭിലാഷ് കോടവേലിയാണ് നങ്ങേലിയുടെ ജീവിതവും ദൃശ്യവല്‍ക്കരിക്കുന്നത്.

ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചേര്‍ത്തല പള്ളിപ്പുറം നോര്‍ത്ത് മേഖലാ സമ്മേളനത്തില്‍ പള്ളിച്ചന്തയില്‍ വച്ച് ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ അഡ്വ. എ.എം. ആരിഫ് എം.പി യ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കേവലം നങ്ങേലിയുടെ ജീവിതം മാത്രം പറയുന്ന ഡോകുമെന്ററി അല്ല, കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രം കൂടി നങ്ങേലിയുടെ ഡോക്യുമെന്ററിയിലൂടെ ചിത്രീകരിക്കുന്നുണ്ടെന്ന് സംവിധായകന്‍ അഭിലാഷ് കോടവേലി പറഞ്ഞു. കീഴാള ചരിത്ര പഠനങ്ങളുടെയും ഗവേഷകരുമായുള്ള ചര്‍ച്ചകളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിയാണ് നങ്ങേലിയുടെ ആത്മാംശമുള്ള ഡോകുമെന്ററി ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി.

ഡോകുമെന്ററിയുടെ ചിത്രീകരണത്തിന് മുന്നോടിയായി നിര്‍മ്മിച്ച നങ്ങേലിയുടെ ജീവിതം പറയുന്ന ഗാനോപഹാരം പൂര്‍ത്തിയായി. അഭിലാഷ് കോടവേലി രചനയും സംവിധാനവും നിര്‍വഹിച്ച ഗാനത്തിന്റെ നിര്‍മ്മാണം ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറില്‍ റഹിം റാവുത്തര്‍ പുന്തലയാണ്. സംഗീതം വേണു തിരുവിഴ, ആലാപനം കൂറ്റുവേലി ബാലചന്ദ്രന്‍.