‘നാന്‍സി റാണി’ സിനിമയുടെ റിലീസ് പ്രതിസന്ധിയില്‍. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി അഹാന കഴിഞ്ഞ ദിവസം പ്രതികരിച്ചത് ചര്‍ച്ചയായിരുന്നു. അഹാന പറഞ്ഞതെല്ലാം ശരിയാണെന്നും സിനിമയ്‌ക്കെതിരെ തങ്ങളും കേസ് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരും ടെക്‌നീഷ്യന്‍മാരും.
തങ്ങള്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് സിനിമയിലെ ചില ടെക്നീഷ്യന്‍മാര്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുന്നത്. ”സിനിമയുടെ ഷൂട്ട് നീണ്ടു നീണ്ട് പോയി. സംവിധായകന്‍ എപ്പോഴും മദ്യപാനമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാരും അയാള്‍ക്കൊപ്പം മദ്യപിക്കും. സംവിധായകന്‍ നോര്‍മലായിട്ടുള്ള ഒരു ദിവസം പോലും ഇല്ലായിരുന്നു. അങ്ങനെ ഷൂട്ട് ഡിലേ ആയി. രാവിലെ 9 മണിക്ക് ഷൂട്ടിന് സെറ്റ് ചെയ്താലും വൈകിട്ട് 4 മണിക്കോ 5 മണിക്കോ തുടങ്ങുകയുള്ളു.”
”ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും അത് എതിര്‍ത്തു. ആദ്യത്തെ രണ്ട് ഷെഡ്യൂള്‍ ഓകെയായിരുന്നു. മൂന്നാമത്തെ ഷെഡ്യൂള്‍ മുതല്‍ എല്ലാം മാറി. പിന്നെ സ്‌ക്രിപ്റ്റ് മൊത്തം പൊളിച്ചു, ആദ്യം പറഞ്ഞ കഥയൊന്നുമല്ല പിന്നീട് സിനിമയായത്. അഹാനയുടെ അമ്മയെ വിളിച്ച് മോശമായി സംസാരിച്ചതു കൊണ്ട്, ഞാന്‍ ഡബ്ബിങ്ങിന് വരില്ലെന്ന് അഹാന പറയുകയായിരുന്നു. അങ്ങനെയാണ് വേറെ ആളെ വച്ചിട്ട് ഡബ്ബ് ചെയ്യിപ്പിക്കുന്നത്” എന്നാണ് ഒരു ടെക്‌നീഷ്യന്റെ പ്രതികരണം.
”ഒരുപാട് പേര്‍ക്ക് കാശ് കിട്ടാനുണ്ട്. എനിക്ക് മൂന്ന് ലക്ഷം കിട്ടാനുണ്ട്. ഞാന്‍ കേസ് കൊടുത്തു. പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചപ്പോള്‍ എഡിറ്റ് തീര്‍ന്ന് പടം റിലീസ് ആകുന്നതിന് മുമ്പ് സെറ്റില്‍ ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞു. ഇതിനിടെ സംവിധായകന്‍ അന്തരിച്ചു. അങ്ങനെ ഞാന്‍ പ്രൊഡ്യൂസറെ വിളിച്ചു. പ്രൊഡ്യൂസര്‍ അമേരിക്കയിലാണ്, അദ്ദേഹം വരുമ്പോള്‍ തീരുമാനം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്” എന്നാണ് സിനിമയുടെ ക്യാമറാ ടെക്‌നീഷ്യരില്‍ ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, അഹാന സിനിമയുടെ പ്രമോഷന് എത്താതിരുന്നത് സംവിധായകന്‍ ഭാര്യ വിമര്‍ശിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. 2023 ഫെബ്രുവരി 25ന് ആയിരുന്നു മഞ്ഞപ്പിത്തം ബാധിച്ച് ജോസഫ് മനു ജെയിംസ് അന്തരിച്ചത്. മാനുഷിക പരിഗണന നല്‍കിയെങ്കിലും അഹാനയ്ക്ക് പ്രമോഷന്‍ പരിപാടിക്ക് എത്താമായിരുന്നു എന്നായിരുന്നു സംവിധായകന്റെ ഭാര്യ നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.