എല്ലാവരും ഉറക്കത്തിലാണ്.., 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍ എത്തി

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി അടക്കം എല്ലാവരും ഉറങ്ങുന്ന ദൃശ്യമാണ് ഒരു മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിച്ചിരിക്കുന്നത്.

ലോക നിദ്രാ ദിനമായ ഇന്ന് ഏഴു മണിക്ക് ടീസര്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും നേരത്തെ തന്നെ ടീസര്‍ പുറത്തു വിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി, ആമേന്‍ മൂവി മൊണാസ്ട്രി എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.

അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്റെതാണ് രചന. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.

‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ച നേരത്തെ ഉറക്കമാണ് എന്ന് ടിനു പാപ്പച്ചന്‍ പറഞ്ഞിരുന്നു. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.