സാമന്തയ്‌ക്ക് ഒപ്പം താമസിച്ച ആ വീട്ടില്‍ ഇനിയില്ല; പുതിയ വീട് വാങ്ങി നാഗചൈതന്യ

അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടാണ് സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകുന്നു എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമന്തയുമായി അസ്വാരസ്യങ്ങള്‍ തുടങ്ങിയതിന് പിന്നാലെ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ആയിരുന്നു നാഗചൈതന്യയുടെ താമസം എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിവാഹമോചന വാര്‍ത്ത പുറത്തു വിട്ടതോടെ നാഗചൈതന്യ പുതിയ വീട്ടിലേക്ക് മാറുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നടന്‍ ഹൈദരബാദില്‍ തന്നെ പുതിയ ഒരു വില്ല വാങ്ങിയിട്ടുണ്ട് എന്നും വൈകാതെ അങ്ങോട്ടേക്ക് താമസം മാറും. നിലവില്‍ പുതിയ വില്ലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

നേരത്തെ സാമന്തയും നാഗചൈതന്യയും ഹൈദരബാദിലെ ഗാച്ചിബൗലി എന്ന സ്ഥലത്ത് സ്വന്തമായി വീട് വാങ്ങി താമസിക്കുകയായിരുന്നു. വിവാഹമോചിതരാവാം എന്ന് രണ്ട് പേരും ഒന്നിച്ച് തീരുമാനം എടുത്തതോടെ സാമന്ത സ്വന്തം വീട്ടിലേക്കും നാഗചൈതന്യ ഹോട്ടലിലേക്കും താമസം മാറുകയായിരുന്നു.

അതിനിടയില്‍ ഫാമിലി മാന്‍ 2 എന്ന വെബ് സീരീസ് വന്‍ വിജയമായതിന് ശേഷം സാമന്ത മുംബൈയിലേക്ക് ചേക്കേറുകയാണെന്ന ഗോസിപ്പുകളും ഉണ്ടായിരുന്നു. ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി നടി മുംബൈയില്‍ ഒരു ഫ്ളാറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്നന്നേക്കുമായി മുംബൈയിലേക്ക് ഒരു മാറ്റം ഉണ്ടാവില്ല എന്നാണ് നടി പറയുന്നത്.

തന്റെ വീട് ഹൈദരബാദില്‍ ആണെന്നും ഇവിടെ തന്നെ തുടരാനാണ് തീരുമാനം എന്നും സമാന്ത വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 2ന് ആണ് വിവാഹമോചന വാര്‍ത്ത താരങ്ങള്‍ ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.