'കേരള സ്റ്റോറി' നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ല, ആ ആവശ്യം പരിശോധിക്കേണ്ടതുണ്ട്: എം.വി ഗോവിന്ദന്‍

‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിനിമ ആര്‍എസ്എസും ബിജെപിയും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണെന്നും ഈ സിനിമ നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല. തെറ്റായ പ്രചാരവേലയാണിത്. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാര്‍ദ്ദത്വ തകര്‍ക്കാന്‍ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണ്.

സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണ്. നിരോധിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇത് കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കുമെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്.

അതേസമയം, സുദീപ്‌തോ സെന്‍ ഒരുക്കുന്ന കേരള സ്‌റ്റോറിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ആയിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസ്‌ഐസില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്.