ഷെയ്ന്‍ നിഗത്തിനായി മോഹന്‍ലാലിന്റെ പാട്ട്, വീഡിയോ

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബര്‍മുഡ.’ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ‘ചോദ്യചിഹ്നം പോലെ.’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഗാനത്തിന്റെ വിഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്.

സിനിമയിലെ സീനുകളും മോഹന്‍ലാല്‍ സ്റ്റുഡിയോയില്‍ ഈ ഗാനം ആലപിക്കുന്നതും ഉള്‍പ്പെടുന്നതാണ് വീഡിയോ. ഫഹദ് ഫാസിലാണ് സോഷ്യല്‍മീഡിയയിലൂടെ വീഡിയോ സോങ് റിലീസ് ചെയ്തിരിക്കുന്നത്. രമേശ് നാരായണന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ മനോഹരമായൊരു ഉപഹാരവും സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ മോഹന്‍ലാലിന് സമ്മാനിച്ചിരുന്നു. തൂവാനത്തുമ്പികള്‍ സിനിമയുടെ 35-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍ടിസ്റ്റ് കെ.പി മുരളീധരന്‍ വരച്ച മനോഹരമായൊരു പെയിന്റിംഗാണ് മോഹന്‍ലാലിന് സമ്മാനിച്ചത്.

തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജയകൃഷ്ണന്‍ എന്ന കഥാപാത്രവും സുമലത അഭിനയിച്ച ക്ലാര എന്ന കഥാപാത്രവുമാണ് പെയിന്റിംഗിലുള്ളത്. ഇത്തരത്തിലൊരു സമ്മാനം നല്‍കിയതിനുള്ള നന്ദിയും മോഹന്‍ലാല്‍ വേദിയില്‍ അറിയിച്ചിരുന്നു.