കേസെടുത്ത് നാല് വര്‍ഷം കഴിഞ്ഞാണ് ഉടമസ്ഥാവകാശം ലഭിക്കുന്നത് ; മോഹന്‍ലാലിന് എതിരെയുള്ള ആനക്കൊമ്പ് കേസ് എങ്ങനെ പിന്‍വലിക്കുമെന്ന് ഹൈക്കോടതി

നടന്‍ മോഹന്‍ലാലിനെതിരായുള്ള ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന ചോദ്യമുന്നയിച്ച് ഹൈക്കോടതി. നടന്‍ പ്രതിയായ കേസ് റജിസ്റ്റര്‍ ചെയ്തത് 2012ലാണെന്നും എന്നാല്‍ ആനക്കൊമ്പിന്റെ ഉടമസ്ഥത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് 2016ലാണെന്നും കോടതി നിരീക്ഷിച്ചു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ കോടതി തള്ളുകയായിരുന്നു . ഇതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഈ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. കേസില്‍ മോഹന്‍ലാലും കക്ഷി ചേര്‍ന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.

2011ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരമാണ് കേസ്. സര്‍ക്കാരിന്റെ വകയായ ആനക്കൊമ്പുകള്‍ അനുമതികളൊന്നുമില്ലാതെയാണ് സൂക്ഷിച്ചത്. കെ. കൃഷ്ണകുമാറാണ് മോഹന്‍ലാലിന് കൊമ്പുകള്‍ കൈമാറിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

നാലെണ്ണത്തില്‍ രണ്ട് ആനക്കൊമ്പുകള്‍ പി.എന്‍ കൃഷ്ണകുമാര്‍ മോഹന്‍ലാലിന്റെ വീട്ടിലെ ആര്‍ട്ട് ഗാലറിയില്‍ സൂക്ഷിക്കാന്‍ 1988ല്‍ നല്‍കിയതാണ്. മൂന്നാം പ്രതി നാലാം പ്രതിയില്‍ നിന്ന് 60,000 രൂപയ്ക്ക് 1983ല്‍ വാങ്ങിയതാണ് ആനക്കൊമ്പെന്നും കണ്ടെത്തിയിരുന്നു.