പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍; ഒപ്പം ബച്ചനും രജനിയും അടക്കമുള്ള സൂപ്പര്‍ താരങ്ങളും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന വേവ്‌സ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ അതിഥികളായി മോഹന്‍ലാലും താരങ്ങളും. വേവ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ അമിതാഭ് ബച്ചന്‍, രജനികാന്ത്, ചിരഞ്ജീവി, ഹേമാ മാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

അക്ഷയ് കുമാര്‍ മോഡറേറ്ററായി എത്തുന്ന ലെജന്‍ഡ്‌സ് ആന്‍ഡ് ലെഗസീസ്: ദ് സ്റ്റോറീസ് ദാറ്റ് ഷെയ്പ്പ് ഇന്ത്യാസ് സോള്‍ എന്ന സെഷന്‍ പരിപാടിയില്‍ താരങ്ങള്‍ സ്പീക്കര്‍മാരാകും. അമിതാഭ് ബച്ചന്‍, ഹേമാമാലിനി, മിഥുന്‍ ചക്രവര്‍ത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും ഈ സെഷനില്‍ പങ്കെടുത്ത് സംസാരിക്കും.

ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടത്തുന്ന സമ്മേളനം നാല് ദിവസമാണുള്ളത്. സിനിമ, നിര്‍മാണം, മാര്‍ക്കറ്റിങ് എന്നിവയാണ് ആദ്യ 2 ദിവസങ്ങളിലെ പ്രമേയം. അടുത്ത 2 ദിവസം ബിസിനസ് മീറ്റിങ്ങുകളാണ്.

Read more

സിനിമ, ടെലിവിഷന്‍, ഒടിടി, സ്‌പോര്‍ട്‌സ്, വാര്‍ത്ത, അനിമേഷന്‍, ഗെയിമിങ് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ, വിനോദ സ്ഥാപനങ്ങളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുള്ള സെമിനാറുകള്‍, സംവാദങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയുണ്ടാകും.