തമിഴിലും മലയാളികളുടെ ആറാട്ട് !

തിയേറ്ററുകളിൽ ആവേശം നിറച്ചെത്തിയ ജയിലർ ബോക്‌സോഫീസ് റെക്കോർഡുകൾ തിരുത്തികുറിക്കുകയാണ്. ഒരു ഭാഗത്ത് മലയാളി പ്രേക്ഷകർ രജനി-മോഹൻലാൽ കോമ്പോ കാത്തിരുന്നപ്പോൾ മറുവശത്ത് കട്ട വില്ലനിസവുമായി വിനായകൻ ഞെട്ടിച്ചുകളഞ്ഞു. തമിഴകത്തിനൊപ്പം മലയാളികളും ജയിലർ ആഘോഷമാക്കുകയാണ്. ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നെൽസണിന്റെ സംവിധാനത്തിലുള്ള ചിത്രം ‘ജയിലർ’ മികച്ച പ്രതികരണമാണ് നേടുന്നത്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിൽ രജനി നിറഞ്ഞാടുന്നുവെന്നാണ് റിപ്പോർട്ട്. അണ്ണാത്തയ്ക്ക് ശേഷം രജനികാന്ത് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു. അതിനുശേഷം എത്തിയ ചിത്രമാണ് ‘ജയിലർ’.

വളരെ കുറച്ച് മിനുട്ടുകൾ മാത്രമുള്ള മോഹൻലാലിന്റെ കാമിയോ റോളിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. മോഹൻലാൽ ജയിലറിൽ ഉണ്ടെന്ന് പ്രഖ്യാപിച്ചതു മുതൽ ആ കോമ്പോയ്ക്കായി സിനിമാപ്രേമികൾ കാത്തിരിക്കുകയായിരുന്നു. അതിഥിവേഷത്തിലാണ് മോഹൻലാൽ എത്തിയിരിക്കുന്നതെങ്കിലും രജനികാന്തിനൊപ്പം ഉയർന്ന് നിൽക്കുന്ന തരത്തിലുള്ളതാണ് ഈ വേഷം.

അതേസമയം ‘മാമന്നൻ’ സിനിമയിലെ വില്ലൻ റോളിലൂടെ ഫഹദ് തമിഴകത്ത് നേടിയ കൈയ്യടിക്ക് സമാനമാണ് തമിഴ് സോഷ്യൽ മീഡിയയിൽ വിനായകനെ പ്രശംസിച്ചെത്തുന്ന പോസ്റ്റുകൾ. ഒരു നിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് ചിലർ പറയുന്നത്. ക്രൂരനായ വർമ്മൻ എന്ന കഥാപാത്രമായി വിനായകൻ രജനിക്കൊപ്പം കട്ടയ്ക്ക് തന്നെ നിൽക്കുകയായിരുന്നു. തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയാണ് വിനായകന് ലഭിക്കുന്നത്.

സംവിധായകൻ നെൽസന്റെയും തിരിച്ചുവരവായി ചിത്രത്തെ കണക്കാക്കാം. വമ്പൻ ഹൈപ്പിൽ എത്തിയ വിജയ് ചിത്രം ബീസ്റ്റിന്റെ പരാജയത്തോടെ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്ന നെൽസന്റെ കിടിലൻ മറുപടി ആയാണ് ‘ജയിലർ’ എത്തിയിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. രജനിക്കും ഇതൊരു പ്രധാന സിനിമ തന്നെയായിരുന്നു. ‘ദർബാർ’, ‘അണ്ണാത്തെ’ എന്നീ പരാജയ സിനിമകൾക്ക് ശേഷം എത്തുന്ന സൂപ്പർ ഹിറ്റ് ചിത്രമാണിത്.

തമിഴ്‌നാട്ടിൽ റിലീസ് ദിനത്തിലെ 2023ലെ കളക്ഷൻ റെക്കോർഡ് ‘ജയിലറി’ന്റെ പേരിൽ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 95 കോടി രൂപയാണ് രജനികാന്ത് ചിത്രം നേടിയിരിക്കുന്നത്. 6 കോടി സ്വന്തമാക്കി കേരളത്തിലും വൻ നേട്ടമാണ് ചിത്രം നേടിയത്. വിജയ് നായകനായ ‘വാരിസി’ന്റെ കേരളത്തിലെ കളക്ഷൻ പഴങ്കഥയാക്കി രജനികാന്തിന്റെ ‘ജയിലർ’ ഒന്നാം സ്ഥാനത്ത് എത്തി എന്നും റിപ്പോർട്ടുകളുണ്ട്. ഇടവേളയ്ക്ക് ശേഷം രജനി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചിത്രം വരുംദിവസങ്ങളിലും കളക്ഷനിൽ ഒട്ടേറെ റെക്കോർഡുകൾ തകർക്കുമെന്ന സൂചനയാണ് വരുന്നത്.

നെൽസൺ സംവിധാനം ചെയ്ത ചിത്രം പാൻ ഇന്ത്യാതലത്തിൽ പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്ണൻ, വസന്ത രവി, വിനായകൻ, സുനിൽ, കിഷോർ, തമന്ന, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ജയിലറിൽ രജനികാന്തിനൊപ്പം എത്തിയത്. തമിഴകത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറാൻ വരെ ചിത്രത്തിന് കഴിഞ്ഞേക്കും എന്നാണ് നിരൂപകർ വിലയിരുത്തുന്നത്.