മരക്കാറിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ജൂലൈ ആദ്യവാരം ആരംഭിക്കുമെന്നാണ് ഇ ടൈംസ് എപ്പോര്‍ട്ട് ചെയ്യുന്നത്.

സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടി എന്ന കഥാപാത്രത്തെയാകും അവതരിപ്പിക്കുക.1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’മാണ് മോഹന്‍ലാലും പ്രിയദര്‍ശനും അവസാനമായി ഒന്നിച്ച ചിത്രം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.