പുരസ്‌കാര തിളക്കത്തില്‍ മിന്നല്‍മുരളി

 

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസില്‍ ജോസഫ് ഒരുക്കിയ ചിത്രം മിന്നല്‍ മുരളി ഇരു കൈകളും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം കൂടിയായിരുന്നു ഇത്.

ഇപ്പോളിതാ, ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് മിന്നല്‍ മുരളി സ്വന്തമാക്കി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകന്‍ ബേസില്‍ ജോസഫാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സംഗീതം ഒരുക്കിയത് ഷാന്‍ റഹ്‌മാന്‍ ആണ്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആയിരുന്നു.