'ഒടുക്കം എന്നത് ഒരു തുടക്കം മാത്രമായിരിക്കും'; അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു

“അഞ്ചാം പാതിര”യ്ക്ക് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി കുഞ്ചാക്കോ ബോബനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. “”അഞ്ചാം പാതിരയ്ക്ക് ശേഷം അതേ ടീമിനൊപ്പം മറ്റൊരു ത്രില്ലറുമായി ഞങ്ങള്‍ തിരിച്ചെത്തുന്നു”” എന്നാണ് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.

“”അഞ്ചാം പാതിര കഴിഞ്ഞ സ്ഥിതിക്ക്”” എന്ന ക്യാപ്ഷനോടെയാണ് മിഥുന്റെ പോസ്റ്റ്. ആഷിഖ് ഉസ്മാനും ഇക്കാര്യം സ്ഥിരീകരിച്ച് പോസ്റ്റ് പങ്കുവച്ചു. “”ത്രില്ലര്‍ ബോയ്‌സ്…വീണ്ടും. മറ്റൊരു ത്രില്ലര്‍ അനുഭവത്തിനായി ദൈവത്തിനും സമ്മതമാണ്. ഒരുപക്ഷേ ഒടുക്കം എന്നത് ഒരു തുടക്കം മാത്രമായിരിക്കും”” എന്നാണ് മറ്റൊരു ചിത്രം കൂടി പങ്കുവെച്ച് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.

ഇതോടെ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമാണോ എത്തുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അഞ്ചാം പാതിരയുടെ സെക്കന്റ് പാര്‍ട്ട് ഉണ്ടെന്ന ഒരു അശരീരി അല്ലേ കേട്ടത്, ഇനി ആറാം പാതിരയുടെ നാളുകള്‍ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റിലീസ് ചെയ്ത മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു അഞ്ചാം പാതിര. ചിത്രത്തിന്റെ ഹിന്ദി റീമേക്കുമായി താന്‍ ബോളിവുഡ് പ്രവേശനത്തിന് ഒരുങ്ങുന്ന വിവരവും സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.