'കുണുങ്ങി കുണുങ്ങി' നാദിര്‍ഷയുടെ ആലാപനത്തില്‍ 'മേരാ നാം ഷാജി'യിലെ പുതിയ ഗാനം

നാദിര്‍ഷയുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന “മേരാ നാം ഷാജി”യിലെ പുതിയ ഗാനം പുറത്ത് വിട്ടു. കുണുങ്ങി കുണുങ്ങി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സാബു അറക്കുഴയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എമില്‍ മുഹമ്മദാണ്. ഗാനം ആലപിച്ചിരിക്കുന്നത് സംവിധായകനായ നാദിര്‍ഷ തന്നെയാണ്. മുന്‍പും ചിത്രത്തിലെ ഗാനങ്ങള്‍ പുറത്ത് വിട്ടിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനങ്ങള്‍ക്ക് ലഭിച്ചത്.

മൂന്നു ഷാജിമാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥ. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്‍മാന്‍ ഷാജിയുമാണ് ചിത്രത്തില്‍. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 5നാണ് ചിത്രത്തിന്റെ റിലീസ്. 2 മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം.

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. നേരത്തേ കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ദിലീപ്. ബി.രാകേഷാണ് നിര്‍മ്മാണം. കോമഡിയും സസ്‌പെന്‍സും നിറഞ്ഞ മികച്ചൊരു എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചന.