ഫാന്‍ ഫൈറ്റും തള്ളിമറിക്കലും വാക്പോരുമില്ലാതെ ഹൃദയം തൊടുന്നൊരു പടമായിരിക്കും; മ്യാവുവിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍, ഒരു മില്ല്യണ്‍ കടന്ന് വ്യൂസ്

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ലാല്‍ജോസ് ഒരുക്കുന്ന ‘മ്യാവൂ’ ചിത്രത്തിന്റെ ട്രെയ്ലര്‍ വൈറലാകുന്നു. ഒരു മില്ല്യണ്‍ വ്യൂസ് പിന്നിട്ട് യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലാണ് ഇപ്പോള്‍ ട്രെയിലര്‍. സൗബിനും മംമ്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

ടൈറ്റിലില്‍ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസും ഡോ. ഇക്ബാല്‍ കുറ്റിപ്പുറവും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്.

ഇരുവരും ചേര്‍ന്ന് ഗള്‍ഫ് പശ്ചാത്തലമാക്കി ഒരുക്കുന്നു മൂന്നാമത്തെ ചിത്രവും കൂടിയാണ് മ്യാവൂ. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്മല്‍ ബാബു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകരുന്നു.

Read more