വിജയ്ക്ക് പിന്നാലെ സൂര്യക്കെതിരെയും ആരോപണങ്ങളുമായി മീര മിഥുന്‍; അഗരത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് പരാമര്‍ശം

നടന്‍ സൂര്യയ്‌ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുമായി നടിയും മോഡലുമായ മീര മിഥുന്‍. വിജയ്, രജനികാന്ത് എന്നിവര്‍ക്കെതിരെയും തൃഷ, ഐശ്വര്യ രാജേഷ് എന്നീ നടിമാര്‍ക്കെതിരെയും മീര അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂര്യയ്ക്കും കുടുമബതിതിനുമെതിരെ മീര എത്തിയിരിക്കുന്നത്.

സൂര്യയുടെ കുടുംബം നടത്തുന്ന അഗരം സന്നദ്ധ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുകയാണ് എന്ന് മീര പറയുന്നു. കൂടാതെ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലും സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും മീര സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഇതോടെ വിജയ്-സൂര്യ ആരാധകര്‍ നടിക്കെതിരെ രംഗത്തെത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയ്‌യും ആണെന്നും മീര പറഞ്ഞു. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നു എന്നായിരുന്നു വിജയ്‌ക്കെതിരെയുള്ള മീരയുടെ ആരോപണം.

തൃഷ തന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്, തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ തട്ടിയെടുത്തു എന്നും മീര ട്വീറ്റ് ചെയ്തിരുന്നു. ഐശ്വര്യ രാജേഷ് സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ്. തന്റെ സ്റ്റൈല്‍ കോപ്പിയടിച്ച് മുഖ്യധാര കഥാപാത്രങ്ങള്‍ക്ക് ശ്രമിക്കുകയാണ് എന്നും ഇവര്‍ ആരോപിച്ചിരുന്നു.