വിവാദങ്ങള്‍ക്ക് ഒടുവില്‍ ട്വിസ്റ്റ്; 'മരക്കാര്‍' തിയേറ്ററില്‍ തന്നെ, ഡിസംബറില്‍ റിലീസ്

മോഹന്‍ലാലിന്റെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തിയേറ്ററില്‍ റിലീസും ചെയ്യും. ഡിസംബര്‍ 2ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അംഗീകരിച്ചിരുന്നില്ല. മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകളും വന്നിരുന്നു. സിനിമ ആമസോണ്‍ പ്രൈമിനു വിറ്റത് 90-100 കോടിയുടെ ഇടയിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഒ.ടി.ടിയില് റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നത് എന്നും ആന്റണി പെരുമ്പാവൂർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകള്‍.