'വീട്ടിലെത്ര ഭാര്യമാരുണ്ടെന്ന് എണ്ണിനോക്കാന്‍ പോകുന്ന ഹാജിയാര്‍'; മലയാളത്തില്‍ ഒഴിവാക്കിയ എന്നാല്‍ തമിഴ്, ഹിന്ദി പതിപ്പ് മരക്കാറിലെ സീന്‍ ; പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശനം

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ മലയാളത്തില്‍ ഇല്ലാത്ത എന്നാല്‍ മറ്റു ഭാഷകളില്‍ ഉള്ള ഒരു രംഗമാണ് ഇപ്പോള്‍ വിമശിക്കപ്പെടുന്നത്. കുഞ്ഞാലി മരക്കാറും പട്ടുമരക്കാറും സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തുന്ന രംഗത്തിലാണ് ‘പതിനൊന്ന് കെട്ടിയ’ ഹാജിയാരുടെ രംഗമുള്ളത്.

മാമുക്കോയയാണ് പതിനൊന്ന് കെട്ടിയ താനൂര്‍ അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തോട് സിദ്ദീഖിന്റെ പട്ടുമരക്കാര്‍ പണ്ട് കൊണ്ടോട്ടി മാര്‍ക്കറ്റില്‍ വെച്ച് സ്ഥിരം തല്ല് വാങ്ങിയിരുന്ന ആളല്ലെയെന്നും പല്ല് കണ്ടാല്‍ തനിക്ക് തിരിച്ചറിയാമെന്നും പട്ടുമരക്കാര്‍ പറയുന്നുണ്ട്.

പോര്‍ച്ചുഗീസുകാര്‍ ഇനിയും വരുമെന്നും അന്ന് ഇതുപോലെ ചക്ക വീണ് മുയല്‍ ചാവില്ലെന്നും പറയുന്ന അബൂബക്കറിനോട് പട്ടുമരക്കാര്‍ ചോദിക്കുന്നത് ‘തനിക്ക് എത്ര ഭാര്യമാര്‍ ഉണ്ടെന്നാണ്?’ തുടര്‍ന്ന് ‘പതിനൊന്ന്’ ഭാര്യമാര്‍ എന്ന് ഉത്തരം പറയുന്ന അബുബക്കര്‍ ഹാജി വീട്ടിലേക്ക് ശരിക്കും എത്ര പേരുണ്ടെന്ന് എണ്ണി നോക്കാന്‍ പോവുന്നതോടെയാണ് സീന്‍ അവസാനിക്കുന്നത്.

 

ഈ രംഗങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഇല്ല. എന്നാല്‍ തമിഴ് – ഹിന്ദി പതിപ്പുകളില്‍ ഈ രംഗം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് സിനിമയ്ക്കും പ്രിയദര്‍ശനുമെതിരെ രൂക്ഷ വിമര്‍ശനമാണ് സിനിമ ഗ്രൂപ്പുകളില്‍ ഉയരുന്നത്.