സ്‌കൂള്‍ ഇഷ്ടമായിരുന്നെങ്കിലും വിശപ്പ് എന്താണെന്ന് അറിയാമായിരുന്നു; പപ്പ മരിച്ചതോടെ പഠനം നിര്‍ത്തേണ്ടി വന്നതിനെ കുറിച്ച് മന്യ

മലയാളികള്‍ക്ക് സുപരിചിതയാണ് നടി മന്യ. ജോക്കര്‍ അടക്കമുള്ള സിനിമകളില്‍ വേഷമിട്ട താരം പ്രേക്ഷകരുടെ പ്രിയ താരമാണ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം അഭിനയത്തിലേക്ക് കടന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പഠിക്കാന്‍ ഇഷ്ടമായിരുന്നുവെങ്കിലും പപ്പ മരിച്ചതോടെ ജോലി ചെയ്യാന്‍ ഇറങ്ങിയതിനെ കുറിച്ചും പിന്നീട് പഠനം പൂര്‍ത്തിയാക്കിയതിനെ കുറിച്ചുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മന്യയുടെ കുറിപ്പ്:

എന്റെ കൗമാരത്തില്‍ പപ്പ മരിച്ചു. ജോലി ചെയ്യാനും കുടുംബത്തെ സഹായിക്കാനുമായി എനിക്കു പഠനം അവസാനിപ്പിക്കേണ്ടി വന്നു. സ്‌കൂള്‍ എനിക്കു വളരെ ഇഷ്ടമായിരുന്നെങ്കിലും വിശപ്പ് എന്താണെന്നും എനിക്കറിയാമായിരുന്നു. ഒരു നടി എന്ന നിലയില്‍ 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്പാദിച്ച പണം മുഴുവന്‍ അമ്മയെ ഏല്‍പ്പിച്ചു. എന്നിട്ട് പഠനം പുനരാരംഭിച്ചു.

ഞാന്‍ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു. എനിക്ക് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രവേശനം കിട്ടി. ആദ്യമായി കാമ്പസിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ കരഞ്ഞു, ഒരുപാട് കരഞ്ഞു. കുട്ടിക്കാലത്ത് ഞാന്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നേടാന്‍ കഴിഞ്ഞതിന്റെ കണ്ണീര്‍ ആയിരുന്നു അത്.

പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ മാത്തമാറ്റിക്‌സ്- സ്റ്റാറ്റിസ്റ്റിക്‌സില്‍ 4 വര്‍ഷം പൂര്‍ത്തിയാക്കുക, ഓണേഴ്‌സ് ബിരുദം നേടുക, സ്‌കോളര്‍ഷിപ്പ് നേടുക എന്നതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളായിരുന്നു. മടുപ്പു തോന്നിയതിനാല്‍ പലതവണ ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചു. എനിക്ക് വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

പക്ഷെ ഞാന്‍ എന്നെ സ്വയം തള്ളി വിടുകയായിരുന്നു. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. ഈ അനന്തമായ പ്രപഞ്ചത്തില്‍ നിങ്ങള്‍ എത്ര ചെറുതാണെന്ന് മനസിലാക്കുന്നതിന് അനുസരിച്ച് കൂടുതല്‍ അറിവ് നേടുന്നു, കുടുതല്‍ വിനയമുള്ളവരാകുന്നു. നമ്മളെല്ലാവരും യുണീക് ആയി ജനിച്ചവരാണെന്ന് എല്ലായ്‌പ്പോഴും ഓര്‍ക്കുക. ഒരാളെ എങ്കിലും ഈ കാര്യങ്ങള്‍ സ്പര്‍ശിച്ചാലോ എന്ന് കരുതിയാണ് ഞാന്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CGSlmLnHPb6/