അതയുംതാണ്ടി പുനിതമാനത്.. 'മഞ്ഞുമ്മല്‍ ബോയ്‌സി'ന് 10 അവാര്‍ഡ്; വിവാദങ്ങളിലും കേസുകളിലും മുങ്ങി താഴ്ന്ന സിനിമ

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. മികച്ച സിനിമ, മികച്ച സംവിധായകന്‍, തിരക്കഥ തുടങ്ങി 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ അവാര്‍ഡുകള്‍ ചിദംബരം നേടി. മികച്ച സ്വഭാവ നടനായി സൗബിന്‍ ഷാഹിര്‍.

മികച്ച ശബ്ദരൂപകല്‍പ്പനയ്ക്ക് ഷിജിന്‍ മെല്‍വിന്‍, അഭിഷേക് എന്നിവര്‍ പുരസ്‌കാരം നേടി. മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം അജയന്‍ ചാലിശേരി നേടി. ‘കുതന്ത്ര തന്ത്രമൊന്നും അറിയില്ലെടാ’ ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് വേടന്‍ സ്വന്തമാക്കി. ഷൈജു ഖാലിദ് മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡും നേടി.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് ആണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 242.30 കോടി രൂപയാണ് സിനിമ നേടിയത്. കേരളത്തില്‍ മാത്രമായിരുന്നില്ല, തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‌സ് സൂപ്പര്‍ ഹിറ്റ് ആയി മാറിയിരുന്നു. ഗുണ കേവ്‌സും, ഉലകനായകന്റെ ഹിറ്റ് ചിത്രം ‘ഗുണ’യുടെ റെഫറന്‍സും, ‘കണ്‍മണി അന്‍പോട്’ ഗാനവും സിനിമയെ തമിഴ്‌നാട്ടില്‍ ജനപ്രിയമാക്കുകയായിരുന്നു.

2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി, ചന്തു സലിംകുമാര്‍, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, അഭിറാം പൊതുവാള്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ജോര്‍ജ് മരിയന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സിനിമ സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടിയുമായി ഇളയരാജ രംഗത്തെത്തിയിരുന്നു. സിനിമയില്‍ അനുവാദം കൂടാതെ തന്റെ ഗാനം ‘കണ്‍മണി അന്‍പോട്’ ഉപയോഗിച്ചതിന് എതിരെയാണ് ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്. ഇളയരാജ രണ്ട് കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെങ്കിലും 60 ലക്ഷം നല്‍കി ഈ പ്രശ്‌നം നിര്‍മ്മാതാക്കള്‍ ഒതുക്കി തീര്‍ക്കുകായായിരുന്നു.

സിനിമയുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ മലയാളികള്‍ക്കെതിരെ അധിക്ഷേപം നടത്തിയിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്സ് കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന ലേഖനമായിരുന്നു ജയമോഹന്‍ തന്റെ ബ്ലോഗിലൂടെ പങ്കുവച്ചത്. ജയമോഹന്റെ വിമര്‍ശനത്തിനെതിരെ അഭിനേതാക്കളടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Read more

സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിനെയും സഹനിര്‍മ്മാതാക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചിത്രം നിര്‍മ്മിക്കാനായി സിറാജ് ഏഴ് കോടി രൂപ മുടക്കിയിരുന്നു. എന്നാല്‍ 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തെങ്കിലും ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചു എന്നായിരുന്നു സിറാജിന്റെ ആരോപണം.