കാത്തിരിപ്പുകൾക്ക് വിരാമം; 'മഞ്ഞുമ്മൽ ബോയ്സ്' ഇനി ഒടിടിയിൽ കാണാം

തെന്നിന്ത്യയിൽ തരംഗമായി മാറിയ ചിദംബരം ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്.

മെയ് 3 നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിരവധി കേന്ദ്രങ്ങളിൽ ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. 200 കോടി നേട്ടത്തിന് പുറമെ എല്ലാ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും 10 കോടിയിലധികം കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.