കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മഞ്ഞുമ്മലിലെ പിള്ളേർ; ചിത്രം 200 കോടി ക്ലബ്ബിലേക്ക്..

തെന്നിന്ത്യയിൽ തരംഗമായി മാറികൊണ്ടിരിക്കുകയാണ്
ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്.’ റിലീസ് ചെയ്ത ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും, തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളാണ് ഇപ്പോഴും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Image

തമിഴ്നാട് ബോക്സ്ഓഫീസിൽ 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ്. തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

ഇതോടെ ആഗോള ബോക്സ്ഓഫീസ് കളക്ഷനിൽ 190 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിക്കുമെന്ന് ഉറപ്പാണ്.

2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസവുമാണ് സിനിമയുടെ പ്രമേയം. മലയാളത്തിൽ ഇതുവരെയിറങ്ങിയ സർവൈവൽ- ത്രില്ലറുകളെയെല്ലാം കവച്ചുവെക്കുന്ന മേക്കിംഗാണ് മഞ്ഞുമ്മലിലൂടെ ചിദംബരം കാഴ്ചവെച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.