മഞ്ജു വാര്യര്‍ക്ക് പിഴച്ചത് എവിടെയാണ്? ഫ്‌ളോപ്പില്‍ നിന്നും ഹിറ്റിലേക്ക് കുതിക്കുമോ സിനിമകള്‍?..

സിനിമയിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ മലയാളം സിനിമയിലെ നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ‘ഹൗ ഓള്‍ഡ് ആര്‍ യു’ ചിത്രത്തിലെ നിരുപമ രാജീവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇതുവരെ എത്തിയ മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ പലതും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

തിരിച്ചുവരവ് ഗംഭീരമാക്കിയ താരത്തിന് പിഴച്ചത് എവിടെയാണെന്ന് അറിയില്ല. എന്നും എപ്പോഴും, വേട്ട, കരിങ്കുന്നം 6എസ്, ആമി, മോഹന്‍ലാല്‍, ഒടിയന്‍, ചതുര്‍മുഖം, മരക്കാര്‍, ലളിതം സുന്ദരം, ജാക് ആന്‍ഡ് ജില്‍, മേരി ആവാസ് സുനോ, ആയിഷ, വെള്ളരിപ്പട്ടണം തുടങ്ങി കരിയറില്‍ ഒരുപാട് ഫ്‌ളോപ്പുകള്‍ അടുത്തിടെയായി മഞ്ജുവിന് ഉണ്ടായിട്ടുണ്ട്.

‘ലൂസിഫര്‍’ പോലെുള്ള ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു സ്ഥാനം വീണ്ടും ഉറപ്പിച്ചുവെങ്കിലും വീണ്ടും അടിപതറി. ധനുഷ്-വെട്രിമാരന്‍ ചിത്രം ‘അസുരന്‍’ സിനിമയിലൂടെയാണ് താരം തമിഴകത്തും ശ്രദ്ധ നേടുന്നത്. ‘കന്മദ’ത്തിലെ ഭാനുവിനെ പോലെ അസുരനിലെ പച്ചൈയമ്മാളിനെ മലയാളി പ്രേക്ഷകരും ഏറ്റെടുത്തു.

എന്നാല്‍ പിന്നീട് തിരഞ്ഞെടുത്ത മിക്ക സിനിമകളും നിരാശാജനകമായിരുന്നു. അജിത്തിനൊപ്പം ‘തുനിവ്’ എന്ന ചിത്രത്തില്‍ തോക്കേന്തി വ്യത്യസ്തമായൊരു കഥാപാത്രമായെങ്കിലും സിനിമ വേണ്ടത്ര വിജയിച്ചില്ല. മറ്റ് പല സിനിമകളും തിയേറ്ററില്‍ ദുരന്തമായി മാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഞ്ജുവിന്റെ എല്ലാ സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. അതുകൊണ്ട് തന്നെ താരം ഇനി സൂക്ഷിച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളു എന്ന വിശ്വാസത്തിലാണ് ആരാധകര്‍. രജനികാന്തിനൊപ്പമുള്ള പുതിയ ചിത്രം, വിടുതലൈ 2, എമ്പുരാന്‍ എന്നിവ താരത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രങ്ങളായി മാറിയേക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.