മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞ് പരിശോധന; സെല്‍ഫി എടുക്കാനെത്തി ആരാധകര്‍

മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ പരിശോധന. തിരുച്ചിറപ്പള്ളി-അരിയല്ലൂര്‍ ദേശീയ പാതയില്‍ തിരുച്ചിറപ്പള്ളിക്ക് സമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ഇതോടെ ആരാധകര്‍ക്ക് ആഹ്ലാദമായി.

താരത്തിനൊപ്പം സെല്‍ഫി എടുക്കാനായി ആരാധകരും എത്തി. ആ റോഡ് കടന്നു പോയവരെല്ലാം നടിക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. കാറില്‍ ഇരുന്ന് തന്നെയാണ് താരം സെല്‍ഫിക്ക് പോസ് ചെയ്തു. പിന്നീട് പരിശോധന പൂര്‍ത്തിയാക്കി മഞ്ജു യാത്ര തുടര്‍ന്നു.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യര്‍ തിരുച്ചിറപ്പള്ളിയില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഫ്‌ളൈയിങ് സ്‌ക്വാഡ് വണ്ടി നിര്‍ത്തിച്ചത്.

വളരെ സൗഹൃദപരമായാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും അവരുടെ നിര്‍ദേശ പ്രകാരം പരിശോധനയ്ക്ക് സഹകരിച്ചെന്ന് മഞ്ജു പറഞ്ഞു. ഞായറാഴ്ച ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും തൂത്തുക്കുടി സ്ഥാനാര്‍ഥിയുമായ കനിമൊഴിയെയും യാത്രാമധ്യേ തടഞ്ഞുനിര്‍ത്തി ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധിച്ചിരുന്നു.