ത്രില്ലറുമായി സംവിധായകന്‍ വേണു; കേന്ദ്ര കഥാപാത്രങ്ങള്‍ മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ്, അന്ന ബെന്‍?

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാകും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംവിധായകനും ഛായാഗ്രഹകനുമായ വേണു ഒരുക്കുന്ന ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍ ആണ്. തിരുവനന്തപുരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള അവസാന ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമായാണ് സിനിമ ഒരങ്ങുന്ന എന്നാണ് സൂചനകള്‍. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

കോവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കും ചിത്രീകരണം ആരംഭിക്കുക. വേണു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ആണും പെണ്ണും ആന്തോളജി ചിത്രത്തിലെ രാച്ചിയമ്മ ആയിരുന്നു വേണു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.