റോഷന്‍ ആന്‍ഡ്രൂസ്-മഞ്ജു വാര്യര്‍ ചിത്രം 'പ്രതി പൂവന്‍കോഴി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ ചിത്രമാണ് “ഹൗ ഓള്‍ഡ് ആര്‍ യു”. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. “ഹൗ ഓള്‍ഡ് ആര്‍ യു” ന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് “പ്രതി പൂവന്‍കോഴി.” ഡിസംബര്‍ 20 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഉണ്ണി ആറിന്റെ പ്രശസ്ത നോവലായ പ്രതി പൂവന്‍കോഴി എന്ന നോവലല്ല ഈ സിനിമ എന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ “പ്രതി പൂവന്‍ കോഴി” എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചിത്രത്തില്‍ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. വസ്ത്രശാലയിലെ സെയില്‍സ് ഗേള്‍ ആണ് മാധുരി. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.