അമ്മ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ മഞ്ജുവാര്യര്‍, നടി എത്തുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം

താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ മഞ്ജു വാര്യരും എത്തി. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് അമമയുടെ ഒരു പൊതുപരിപാടിയില്‍ താരം എത്തുന്നത്. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.

എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ താരം തെരഞ്ഞെടുപ്പിന് എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് മഞ്ജു പരിപാടിക്ക് എത്തിയത്. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിഗിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. വൈസ് പ്രസിഡന്റ്, എക്സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേത മേനോനും മണിയന്‍പിള്ള രാജുവുമാണ് മത്സരിക്കുന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിക്കുന്നത്.

നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.