ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിപോയി; അനുഭവം പങ്കുവെച്ച് സംവിധായകന്‍

ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിയെന്ന് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ്. മലയാള സിനിമയിലെ വിനയന്‍ എന്ന യോദ്ധാവിന്റെ ചങ്കൂറ്റമാണ് പിന്നീട് സിനിമയൊരുക്കാന്‍ പ്രചോദനമായതെന്നും മനീഷ് പറയുന്നു.

സംവിധായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്റര്‍നാഷണല്‍ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീര്‍ന്ന സിനിമ ഉപേക്ഷിക്കാന്‍ പോലും തോന്നിപോയി,, നഷ്ട്ടങ്ങളെല്ലാം നികത്താന്‍ മറ്റ് ജോലികള്‍ക്ക് പോകാന്‍ തീരുമാനിച്ചു.. ആ കാലത്താണ് ‘വിനയന്‍’ എന്ന യോദ്ധാവിന്റെ ആകാശഗംഗയുടെ രണ്ടാംഭാഗം സിനിമയുടെ പോസ്റ്റര്‍ കാണുന്നത്.. സിനിമാസംഘടനകളെല്ലാം പിന്നില്‍നിന്നും മുന്നില്‍നിന്നും കുത്തിയിട്ടും ഒരു പോറല്‍പോലും പറ്റാതെ ചങ്കൂറ്റത്തോടെ നട്ടെല്ലുയര്‍ത്തി ഇവരുടെയെല്ലാം മുന്‍പിലൂടെ നടന്ന് പോകുന്ന വിനയന്‍ സാറിന്റെ രൂപം കണ്മുന്നിലൂടെ കടന്നുപോയി.. പിന്നീടങ്ങോട്ട് ‘വെള്ളരിക്കാപ്പട്ടണം’ സിനിമ പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു. സെന്‍സറിങ്ങില്‍ എത്തിയപ്പോള്‍ ഇന്റര്‍നാഷണല്‍ സിനിമയുടെ ആളുകള്‍ തടസ്സങ്ങളുമായി എത്തി, സെന്‍സര്‍ നമുക്ക് ലഭിക്കില്ല എന്ന ഘട്ടത്തില്‍ വിനയന്‍ സാറിന്റെ പഴയ ഹൈക്കോടതി വിധിപകര്‍പ്പുമായി സെന്‍സറില്‍ പോയി കണ്ടു, സെന്‍സര്‍ നല്‍കാതിരിക്കാനുള്ള കാരണങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു..

അടുത്ത ദിവസം സെന്‍സര്‍ നല്‍കാന്‍ തീരുമാനമായി.. ഞങ്ങളെപോലുള്ള തുടക്കകാര്‍ക്ക് വേണ്ടി വഴി വെട്ടിവെച്ച വിനയന്‍ എന്ന ധീരവിപ്ലവകാരിയെ സിനിമയില്‍ അസമത്വങ്ങള്‍ ഉള്ളകാലത്തോളം സ്മരണയോടെ ഓര്‍ക്കും.. ഇന്ന് സിനിമയുടെ പ്രൊമോഷന്‍ സോങ്ങ് റിലീസ് ചെയ്യിപ്പിക്കുവാന്‍ വിനയന്‍ സാറിലും പറ്റിയ ഒരു ഫിഗര്‍ മലയാള സിനിമയില്‍ ഇല്ലായെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി.. അങ്ങനെയാണ് വിനയന്‍ സാറിനെവിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു, സാര്‍ സന്തോഷത്തോടെ ചെയ്യുമെന്നും സമ്മതിച്ചു..മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിന് എല്ലാവിധ ആശംസകളും നേരുന്നു..