പേരില്‍ അടക്കം പുത്തന്‍ പരീക്ഷണങ്ങള്‍.. നൂറ് കോടി കടക്കുമോ ഈ മമ്മൂട്ടി സിനിമകള്‍?

ഓരോ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുതുരൂപത്തിലും പുതുഭാവത്തിലും അഭിനയത്തിന്റെ ഉള്‍ക്കാമ്പുകാട്ടി കൊണ്ടാണ് മമ്മൂട്ടിയെന്ന മഹാനടന്‍ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നത്. പേരിലും കഥയിലും കഥാപാത്രത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തിയ പുഴു ആയിരുന്നു മമ്മൂട്ടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്. മെയിലാണ് സോണി ലിവില്‍ പുഴു റിലീസ് ചെയ്തത്. തങ്ങളുടെ പ്രിയ താരത്തെ തിയേറ്ററില്‍ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളില്‍ ഒന്നാണ് ‘റോഷാക്ക്’. പ്രഖ്യാപിച്ചത് മുതല്‍ ഹൈപ്പ് ലഭിച്ച സിനിമകളില്‍ ഒന്ന് കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ആശയക്കുഴപ്പത്തിലായിരുന്നു. എന്താണ് റോഷാക്ക് എന്നായിരുന്നു പിന്നീട് ട്രെന്‍ഡിംഗ് ആയ വിഷയം. ഒരു സൈക്കോളജിക്കല്‍ ടെസ്റ്റ് ആണ് റോഷാക്ക് എന്ന് പ്രേക്ഷകര്‍ കണ്ടെത്തുകയും ചെയ്തു.

May be an image of 1 person and text

സിനിമയില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന സംഭവവും പ്രധാന വിഷയമാകുന്നുണ്ട് എന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയതോടെ വ്യക്തമായി. വൈറ്റ് റൂം എന്നാല്‍ മാനസിക പീഡന മുറിയാണ്. ലൂക് ആന്റണി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബറില്‍ സിനിമ റിലീസിന് എത്തിയേക്കും എന്നാണ് സൂചനകള്‍.

Nanpakal Nerathu Mayakkam - IMDb

ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കോമ്പോയ്ക്കായി വെയ്റ്റ് ചെയ്യുന്ന സിനിമാസ്വാദകരും ഏറെയാണ്. പറഞ്ഞു വരുന്നത് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയെ കുറിച്ചാണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് സിനിമയില്‍ മമ്മൂട്ടി വേഷമിടുന്നത്. സിനിമയുടെതായി എത്തിയ പോസ്റ്ററുകളും ടീസറും എല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. തമിഴ്‌നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. എന്നാല്‍ സിനിമയുടെ റിലീസിനെ കുറിച്ച് വ്യക്തതയില്ല.

Agent: Meet Mammootty as 'The Devil' in Akhil Akkineni's film |  Entertainment News,The Indian Express

ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള മമ്മൂട്ടിയുടെ മറ്റൊരു സിനിമയാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തില്‍ മഹാദേവ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കുപ്രസിദ്ധന്‍, ഏറ്റവും ക്രൂരനായ രാജ്യസ്‌നേഹി എന്നെല്ലാമാണ് മഹാദേവിനെക്കുറിച്ച് ടീസറില്‍ പറയുന്നത്. യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ മമ്മൂട്ടിയുടെ മാസ് വില്ലന്‍ വേഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Mammootty's Bilal In Trouble: What Is The Truth? - Filmibeat

മൈക്കിളപ്പന് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ബിലാലിനായി മാത്രമാണ് ആരാധകരുടെ കാത്തിരിപ്പ്. ഭീഷ്മപര്‍വ്വം സൃഷ്ടിച്ച ഓളങ്ങള്‍ കെട്ട് അടങ്ങുന്നതിന് മുമ്പ് തന്നെ ബിലാല്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. 2007ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’ സിനിമയുടെ സീക്വല്‍ ആയാണ് ബിലാല്‍ എത്താന്‍ ഒരുങ്ങുന്നത്. ബിലാല്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഇരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ആദ്യം എത്തിയത് ഭീഷ്മപര്‍വം ആയിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ വന്‍ പ്രതീക്ഷയോടെയാണ് ബിലാലിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

Mammootty is a 'vigilante cop' in Christopher, see first look poster |  Entertainment News,The Indian Express

‘നിയമം എവിടെ അവസാനിക്കുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു…’ പലര്‍ക്കും മനസിലായിട്ടുണ്ടാകും മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയായ ക്രിസ്റ്റഫറിന്റെ പോസ്റ്ററില്‍ എത്തിയ വാചകങ്ങള്‍ ആണിത്. ഇത്രത്തോളം പഞ്ച് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ സിനിമ എന്താകുമെന്ന വമ്പന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. ബി. ഉണ്ണികൃഷ്ണന്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് ക്രിസ്റ്റഫറിന്റെ ടാഗ് ലൈന്‍. ഒരു പൊലീസ് ചിത്രമാകും ക്രിസ്റ്റഫര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഈ ത്രില്ലര്‍ സിനിമയ്ക്ക് ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. എന്നാല്‍ സിനിമയെ കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

എം.ടിയുടെ ആത്മകഥാംശമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി. ചിത്രം  കടുഗന്നാവ ഒരു യാത്ര. സംവിധായകന്‍ ലിജോ പെല്ലിശ്ശേരി - Exclusive ...

ഈ സിനിമകള്‍ കൂടാതെ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി-എംടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. നിന്റെ ഓര്‍മ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടര്‍ച്ചയായി എം ടി എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് സിനിമയുടെ പ്രമേയം.

അഞ്ചു ദശാബ്ദം നീണ്ട അഭിനയയാത്രയില്‍ മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങളും കഥാപാത്രങ്ങളും അപൂര്‍വമാണ്. ഇനി വരാനിരിക്കുന്ന ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് താരം എത്തുന്നത്. സ്വയം തേച്ചു മിനുക്കിയെടുക്കുന്ന പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ സിനിമകള്‍ക്കായി വന്‍ പ്രതീക്ഷയാണ്.