കിംഗ് ഖാനെയും വിശാലിനെയും വെട്ടി മമ്മൂട്ടി, ബംഗളൂരുവിലും ഹൗസ്ഫുള്‍; തിയേറ്ററില്‍ ഹിറ്റടിച്ച് 'കണ്ണൂര്‍ സ്‌ക്വാഡ്'

ഇന്ത്യയില്‍ മലയാള സിനിമകളുടെ മാര്‍ക്കറ്റ് ഉയരുന്നു. കേരളത്തില്‍ ഗംഭീര പ്രതികരണം നേടുന്ന മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ സംസ്ഥാനത്തിന് പുറത്തും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയാണ്. സെപ്റ്റംബറില്‍ റിലീസ് ചെയ്ത് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ‘ജവാന്‍’, ‘മാര്‍ക് ആന്റണി’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളെ പിന്നിലാക്കിയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കുതിപ്പ്.

ബംഗളൂരു നഗരത്തില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. കര്‍ണാടകയിലെ ബോക്‌സ് ഓഫീസ് അപ്‌ഡേറ്റുകള്‍ എത്തിക്കുന്ന കര്‍ണാടക ടാക്കീസ് എന്ന എക്‌സ് ഹാന്‍ഡില്‍ പുറത്തുവിട്ട വിവരം പ്രകാരം ബംഗളൂരുവില്‍ ഇന്നലെ ഏറ്റവുമധികം ഹൗസ്ഫുള്‍ ഷോകള്‍ നടന്നത് കണ്ണൂര്‍ സ്‌ക്വാഡിന് ആണ്.

52 ഷോകളാണ് കണ്ണൂര്‍ സ്‌ക്വാഡിന് ഉണ്ടായത്. 48 ഷോകളുമായി ജവാന്‍ രണ്ടാം സ്ഥാനത്തും 23 ഷോകളുമായി ‘ഫുക്രി 3’ മൂന്നാം സ്ഥാനത്തും ആറ് ഷോകളുമായി തമിഴ് ചിത്രം മാര്‍ക്ക് ആന്റണി നാലാം സ്ഥാനത്തുമാണ്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയത് 8.6 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ വാരാന്ത്യത്തില്‍ ചിത്രം 15-25 കോടിയോളം നേടാന്‍ സാധ്യതയുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ജോര്‍ജ് തലവനായ പ്രത്യേക അന്വേഷണസംഘം കുറ്റവാളികളെ പിടികൂടാനായി കേരളത്തിന് പുറത്ത് അന്വേഷണം നടക്കുന്നതാണ് ചിത്രത്തിന്റെ കഥ. മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സുഷിന്‍ ശ്യാം ആണ് സംഗീതം.