'ക്രിസ്റ്റഫര്‍' ഹൗസ്ഫുള്‍; വിജയാഘോഷവും ഫാന്‍സ് ഷോയുമായി ഒമാന്‍ മമ്മൂട്ടി ആരാധകര്‍

ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫര്‍’. ആദ്യ ദിനം തന്നെ 1.83 കോടി രൂപ കളക്ഷനാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഒമാനില്‍ അടക്കം ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫേര്‍ അസോസിയേഷന്‍ ക്രിസ്റ്റഫറിന്റെ വിജയാഘോഷവും ഫാന്‍സ് ഷോയും സംഘടിപ്പിച്ചു. ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒമാന്‍ അവന്യുസ് മാളില്‍ ആണ് ക്രിസ്റ്റഫര്‍ ഫാന്‍സ് ഷോ പ്രദര്‍ശിപ്പിച്ചത്.

ഒമാന്‍ അവന്യുസ് മാളിലെ സിനിപോളീസില്‍ നടത്തിയ പ്രദര്‍ശനം നൂറ്റിയമ്പതോളം ആരാധകര്‍ കേക്ക് മുറിച്ചും മധുരം വിതരണം നല്‍കിയും ആഘോഷിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റഫര്‍ മികച്ച പ്രേക്ഷക അഭിപ്രായം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് ആയാണ് വേഷമിട്ടത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. വിനയ് റായ്, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.