'ഭ്രമയുഗം' തിയേറ്ററില്‍ തളര്‍ന്നോ? ട്രെന്‍ഡിന് എതിരെ ഒഴുകി മമ്മൂട്ടി ചിത്രം, ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തീയതി പുറത്ത്

മോളിവുഡില്‍ ‘പ്രേമയുഗം ബോയ്‌സ്’ ആണ് ട്രെന്‍ഡിംഗ്. 100 കോടി കളക്ഷന്‍ സ്വന്തമാക്കി തമിഴകത്തെ തിയേറ്ററുകള്‍ ഭരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. കേരളത്തില്‍ പ്രദര്‍ശനം തുടരുന്ന ‘പ്രേമലു’വും 100 കോടിയിലേക്ക് കുതിക്കുകയാണ്. ഇതിനിടെ പ്രേക്ഷകര്‍ തിയേറ്ററില്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ഒ.ടി.ടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ്.

60 കോടിക്ക് മുകളിലാണ് ഭ്രമയുഗം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി 15ന് ആണ് തിയേറ്ററിലെത്തിയത്. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗിന് ആരംഭിക്കുന്നത്. മാര്‍ച്ച് 15ന് ചിത്രം സോണി ലിവില്‍ എത്തും.

കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ കാഴ്ചവച്ചത്. മമ്മൂട്ടിയെ കൂടാതെ, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും പ്രകടനങ്ങളും മികച്ച നിരൂപക പ്രശംസ നേടുന്നുണ്ട്. അതേസമയം, 30 കോടി രൂപയ്ക്കാണ് ഭ്രമയുഗം ഒ.ടി.ടിക്ക് നല്‍കിയത് എന്നായിരുന്നു വിവരം. എന്നാല്‍ ഇത് സത്യമല്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര രംഗത്തെത്തിയിരുന്നു.