പുഴു'വിന്റെ വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ, ചിത്രങ്ങൾ

മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ ചിത്രം ‘പുഴു’വിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. എറണാകുളത്തെ ട്രിബ്യൂട്ട് ഹോട്ടിലിൽ വച്ചായിരുന്നു വിജയാഘോഷ പരിപാടികൾ നടത്തിയത്. സംവിധായിക റത്തീന, മമ്മൂട്ടി, പാർവതി തിരുവോത്ത്, അപ്പുണ്ണി ശശി തുടങ്ങിയ അഭിനേതാക്കളും തിരക്കഥാകൃത്തുക്കൾ, ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദർശനത്തിനെത്തിയത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്.

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. ഉണ്ട’യ്ക്ക് ശേഷം ഹർഷാദ് കഥയെഴുതി സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ ‘പുഴു’വിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. ‘പേരൻപ്’, ‘ധനുഷ്’ ചിത്രം ‘കർണ്ണൻ’, ‘അച്ചം യെൻപത് മടമയാടാ’, ‘പാവൈ കഥൈകൾ’ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‍തത് തേനി ഈശ്വരാണ്. ‘ബാഹുബലി’, ‘മിന്നൽ മുരളി’ തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, ‘പുഴു’വിന്റെയും കലാസംവിധാനം, പിആർഒ പി ശിവപ്രസാദ്.