'യെസ് യുവര്‍ ഓണര്‍, ഞാന്‍ സാക്ഷിയാണ്'; ഉണ്ണിക്കണ്ണന്‍ വിജയ്‌യെ കണ്ടുവെന്ന് മമിത ബൈജു

പലതവണ വിജയ്‌യെ കാണാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയാളാണ് ഉണ്ണിക്കണ്ണന്‍ മംഗലംഡാം. പുതിയ ചിത്രമായ ‘ജനനായകന്റെ’ സെറ്റിലെത്തി വിജയ്‌യെ കണ്ടുവെന്ന് ഉണ്ണിക്കണ്ണന്‍ പറഞ്ഞിരുന്നു. വിജയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും ഉണ്ണിക്കണ്ണന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് ഫോട്ടോഷോപ്പ് ആണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഉണ്ണിക്കണ്ണന്‍ വിജയ്യെ കണ്ടുവെന്ന് ഉറപ്പിക്കുകയാണ് നടി മമിത ബൈജു.

ഉണ്ണിക്കണ്ണന്‍ തന്നെയാണ് മമിതയുടെ ചാറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘യെസ് യുവര്‍ ഓണര്‍, ഞാന്‍ സാക്ഷിയാണ്’ എന്നാണ് മമിത കുറിച്ചിരിക്കുന്നത്. ”ഈ ലോകത്ത് ഒരു സത്യമുണ്ട്. ആ സത്യം ദൈവമാണ്. വിജയ് അണ്ണനെ കണ്ടില്ലെന്ന് പറഞ്ഞ് എന്നെ ഒരുപാട് നിങ്ങള്‍ വേദനിപ്പിച്ചു.”

View this post on Instagram

A post shared by Unni Kannan (@k_unnikannan)

”അതിന് ഈ തിരക്കിനിടയിലും ദൈവത്തെ പോലെ വന്ന് മമിത ബൈജു, അനിയത്തിക്കുട്ടി വന്ന് പറഞ്ഞു. അനിയത്തിക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരുപാട് സന്തോഷം. ഉണ്ണിക്കണ്ണന്‍ നുണ പറയില്ല. ഞാന്‍ കാണാന്‍ പോയത് അപ്പുറത്തുള്ള ആളെയല്ല. ലോകം അറിയുന്ന വിജയ് അണ്ണനെയാണ്” എന്നാണ് ഉണ്ണിക്കണ്ണന്‍ പുതിയ വീഡിയോയില്‍ പറയുന്നത്.

വിജയ്‌യെ കാണാന്‍ പാലക്കാട് നിന്നും ചെന്നൈയിലേക്ക് ഉണ്ണിക്കണ്ണന്‍ കാല്‍നടയാത്ര നടത്തിയിരുന്നു. യാത്രയ്‌ക്കൊടുവിലാണ് ഉണ്ണിക്കണ്ണന്‍ വിജയ്‌യെ നേരില്‍ കണ്ടത്. യാത്ര ആരംഭിച്ച് 35-ാം ദിവസം വിജയ്‌യെ കണ്ടു എന്ന വിവരം ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഉണ്ണിക്കണ്ണന്‍ പങ്കുവച്ചത്.