മാളവിക മോഹനന് പിറന്നാള്‍ സമ്മാനവുമായി ‘മാസ്റ്റര്‍’ ടീം; ലുക്ക് പോസ്റ്റര്‍ പുറത്ത്

Advertisement

നടി മാളവിക മോഹനന് ജന്മദിനാശംകള്‍ നേര്‍ന്ന് ‘മാസ്റ്റര്‍’ ടീം. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വിജയ്‌ക്കൊപ്പമുള്ള പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളജ് പ്രൊഫസര്‍മാരായാണ് വിജയ്‌യും മാളവികയും വേഷമിടുന്നത്.

വിജയ് സേതുപതി വില്ലനായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, ശന്തനു, അര്‍ജുന്‍ ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് ലോക്ഡൗണിനിടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

അതേസമയം, 27-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയില്‍ ജന്മദിനം ആഘോഷമാക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ ‘സ്റ്റുപിഡ്’ കോവിഡ് തന്റെ പ്ലാനുകളെല്ലാം തകര്‍ത്തതായും മാളവിക ഒരു മാധ്യമത്തോട് പ്രതികരിച്ചു.

‘പട്ടം പോലെ’ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ‘നാനു മട്ടു വരലക്ഷ്മി’ എന്ന ചിത്രത്തിലൂടെ കന്നഡയിലും ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ സിനിമയിലൂടെ ഹിന്ദിയിലും ശ്രദ്ധേയായി. രജനികാന്ത് ചിത്രം ‘പേട്ട’ ആണ് മാളവികയുടെ ആദ്യ തമിഴ് ചിത്രം.