എന്തുകൊണ്ടാണ് താൻ ഒരിക്കലും സിനിമയിൽ ഒരു കരിയർ പിന്തുടരാതിരുന്നതെന്ന് നടൻ ജയറാമിന്റെ മകളും നടൻ കാളിദാസ് ജയറാമിന്റെ സഹോദരിയുമായ മാളവിക ജയറാം. ജയറാമും കാളിദാസും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംസാരിക്കവേയാണ് സിനിമയിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാളവിക മറുപടി നൽകിയത്.
അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ വിവാഹം ഒരിക്കലും കാരണമല്ലെന്ന് മാളവിക വ്യക്തമാക്കി. ‘സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. വിവാഹം കഴിച്ചതുകൊണ്ടല്ല ഞാൻ അഭിനയിക്കാത്തത്. വിവാഹത്തിന് മുൻപും ഞാൻ സിനിമയിൽ അഭിനയിച്ചിട്ടില്ല. അതുകൊണ്ട്, വിവാഹശേഷവും അങ്ങനെയൊരു ചിന്ത വന്നിട്ടില്ല’ മാളവിക പറഞ്ഞു.
അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടരാൻ മാളവിക തീരുമാനിച്ചില്ലെങ്കിലും, മോഡലിംഗിലും അക്കാദമിക്സിലും മാളവിക തന്റേതായ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. യുകെയിൽ നിന്ന് സ്പോർട്സ് മാനേജ്മെന്റിൽ മാളവിക ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ആണ് മാളവികയുടെ ഭർത്താവ്.







