ഇനി കാണപ്പോറത് നിജം..; 'മലൈക്കോട്ടൈ വാലിബൻ' ഒടിടിയിലേക്ക്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബൻ’ ഒടിടിയിലേക്ക്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

എന്നാൽ ആദ്യ ദിവസത്തെ നെഗറ്റീവ് അഭിപ്രായങ്ങൾ കൂടാതെ പിന്നീടുള്ള ദിവസങ്ങളിൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങിയിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 23 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമായി തുടങ്ങും.

‘ആമേൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.